April 12, 2011

അരുന്ധതിയുടെ ആനി

സ്കൂള്‍ പഠന കാലത്ത്‌ മനോരമ പത്രത്തിനോടൊപ്പം ലഭിച്ചിരുന്ന സപ്ലിമെന്‍റുകളിലൊന്ന് 'ക്യാംപസ് ലൈന്‍' ആയിരുന്നു. ബിലു സി നാരായണനേയും രൂപേഷ്‌ പോളിനേയും വായിക്കുന്നതും കവിതാ ബാലകൃഷ്ണന്റെയും സുജിത്തിന്റെയും വരകളെ പരിചയപ്പെടുന്നതും 'ക്യാംപസ് ലൈനി'ലൂടെയാണെന്നാണ് ഓര്‍മ്മ. ഏറെനാള്‍ കഴിഞ്ഞ് അരപേജിലേക്ക് തരംതാഴ്ത്തപ്പെടുന്നതിന് മുന്‍പുള്ള ആ 'ക്യാംപസ് ലൈന്‍' സപ്ലിമെന്റ്, അക്കാലത്ത്‌ സാമാന്യം ഭേദപ്പെട്ട ഉരുപ്പടി തന്നെയായിരുന്നു.

ക്യാംപസ് പശ്ചാത്തലത്തിലുള്ള ചിത്രങ്ങളെ കുറിച്ചുള്ള ഏതോ ഒരു ലക്കത്തിലാണ് 'ഇന്‍ വിച്ച് ആനി ഗിവ്സ് ഇറ്റ്‌ ദോസ് വണ്‍സെ'ന്ന ചിത്രത്തെ കുറിച്ച് ആദ്യം വായിക്കുന്നത്. വായിക്കുകയല്ലാതെ ചിത്രങ്ങളൊന്നും കാണുവാന്‍ വകുപ്പില്ലാത്ത കാലം.

പിന്നീട് ഒരു വെക്കേഷന്‍ കാലത്ത്‌ ബാഗ് നിറയെ സിഡികളുമായി വന്ന സുഹൃത്തിന്റെ ശേഖരത്തിലാണ് അവിചാരിതമായി ആനിയെ ആദ്യമായി കാണുന്നത്. അപ്പോഴേക്കും അരുന്ധതി റോയിയെന്ന എഴുത്തുകാരി ഏറെ പ്രശസ്തയായി കഴിഞ്ഞിരുന്നു.

'ഇന്‍ വിച്ച് ആനി ഗിവ്സ് ഇറ്റ്‌ ദോസ് വണ്‍സെ'ന്ന ചിത്രം ഇന്ത്യയില്‍ പുറത്തുവന്ന ക്യാംപസ് പശ്ചാത്തലത്തിലുള്ള ഏറ്റവും മികച്ച ചിത്രമായാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. അരുന്ധതി റോയിയുടെ ഈ ആദ്യ തിരക്കഥ, ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം അവര്‍ക്ക് നേടികൊടുത്തിരുന്നു. ചിത്രത്തിലെ മുഖ്യ കഥാപാത്രമാകുന്നതും എഴുത്തുകാരി തന്നെ. പിന്നീട് അരുന്ധതി റോയിയുടെ ജീവിത പങ്കാളിയായ പ്രദീപ്‌ ക്രിഷന്റെതാണ് ചിത്രത്തിന്റെ സംവിധാനം. ഷാരൂഖ്ഖാന്‍ അഭിനയിച്ച ആദ്യ ചിത്രങ്ങളിലൊന്ന് എന്നത്‌ മനപൂര്‍വ്വം പറയുന്നില്ല

സൌഹൃദത്തിന്റെ ചൂടും ചൂരും, പ്രോജക്ടിന്റെ ബദ്ധപ്പാടുകളും ഹോസ്റ്റല്‍ ജീവിതവും എന്നിങ്ങനെ ക്യാംപസ് ജീവിതത്തിന്റെ ആത്മാവ് പകര്‍ത്തപ്പെട്ടിട്ടുണ്ട് ഈ ചിത്രത്തില്‍. ഏറെ വാഴ്ത്തുകള്‍ ലഭിക്കാതെ പോയ ഈ ചിത്രത്തെ ഇവിടെ കാണാം, കാണണം... :)

4 comments:

yousufpa said...

ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഈ അറിവ് തന്ന ഷാജിക്ക് നമോവാകം.

അപ്പു said...

ഒറ്റ ഇരുപ്പിന് കണ്ടുതീര്‍ത്തു.....അരുന്ധതി റോയുടെ നിലപാടുകള്‍ എല്ലാം വളരെ വ്യക്തം. കോളേജ് ഹോസ്റ്റല്‍ ജീവിതവും വളരെ നന്നായി.അവരുടെ സ്വന്തം കോളേജ് ജീവിതത്തില്‍ നിന്ന് പകര്തിയതകാം.പങ്കു വച്ചതിനു വളരെ നന്ദി.

Unknown said...

THANKS DA...

tk sujith said...

ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് കാമ്പസ് ലൈനില്‍ തന്നെ ഷാജി.:)