October 15, 2011

7 മിനിറ്റ് - ബിജോയ്‌ നമ്പ്യാര്‍ - ഷൈത്താന്‍


'ഷൈത്താന്‍' എന്ന ഹിന്ദി ചിത്രം കണ്ടവര്‍ക്കെല്ലാം ബിജോയ് നമ്പ്യാര്‍ എന്ന പഹയന്‍ ഇനി ശരിക്കും മലയാളി തന്നെയാണോ എന്നൊരു ശങ്കയുണ്ടായിരുന്നു. 'ഷൈത്താന്‍' ഭേദപ്പെട്ട ഒരു ചിത്രമായിരുന്നിട്ടും ബിജോയ് നമ്പ്യാര്‍ ശ്രദ്ധയേനായിട്ടും ബിജോയ്‌ നമ്പ്യാരെ തേടി നാട്ടിലെ കൊടികെട്ടിയ മാധ്യമങ്ങളൊന്നും പോയതായി അറിവില്ല. അവര്‍ തന്നെയാണ് പള്ളിയിലെ പെരുന്നാളിനും അമ്പലത്തിലെ ഉത്സവത്തിനും അവര്‍ തന്നെ സാറ്റലൈറ്റ് മൂല്യമുണ്ടാക്കി കൊടുത്ത താരങ്ങളെ വിളിച്ചിരുത്തി 'താങ്കള്‍ മദ്യപിക്കാറുണ്ടോ' എന്ന് ചോദിക്കുന്നതും 'ഓ അങ്ങനെതങ്ങനെയോ' എന്ന് നെടുവീര്‍പ്പിടുന്നതും. ('ദിവസം എത്ര നേരം മൂത്രമൊഴിക്കും?' 'ചായ തന്നെയല്ലെ രാവിലെ കുടിക്കുന്നത്‌?', 'ബിരിയാണിയില്‍ ഉപ്പ് കുറഞ്ഞുപോയാല്‍ ഭാര്യയെ കുനിച്ച് നിര്‍ത്തി കൂമ്പിനിടിക്കാറുണ്ടോ?' മുതലായ ചോദ്യങ്ങള്‍ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം.) ബൈ ദി ബൈ പറഞ്ഞു വന്നത്, വണ്‍ മിസ്റ്റര്‍ നമ്പ്യാരുടെ കഥയാണ്.

മോഹന്‍ലാല്‍ അഭിനയിച്ച 'Reflections' എന്നൊരു ഹൃസ്വചിത്രം നിങ്ങള്‍ ഒരു പക്ഷേ കണ്ടിരിക്കും. ആ ചിത്രത്തിന്റെ സംവിധായകനായിരുന്നു, ബിജോയ്‌ നമ്പ്യാര്‍. ചിത്രം പൂര്‍ത്തിയാക്കിയ വേളയില്‍ മലയാള മനോരമയില്‍ ഉണ്ണി വാര്യര്‍ എഴുതിയ ലേഖനം എടുത്തുവച്ച പഴയ പത്രത്താളുകളില്‍ നിന്നും യാദൃശ്ചികമായി ലഭിച്ചു. ബിജോയ്‌ നമ്പ്യാരെ കുറിച്ച്, 'Reflections'-നെ കുറിച്ച്...
ചിത്രം കാണുന്നതിന്:

July 29, 2011

ഒരു സിനിമാക്കഥ

കെ.ജി ജോര്‍ജ്ജിന്റെ ' ഇരകള്‍ ' പോലെ ഞാന്‍ അന്വേഷിച്ചലഞ്ഞ, കാണുവാന്‍ ആഗ്രഹിച്ചിരുന്ന മറ്റൊരു മലയാള ചിത്രമില്ല. അല്ലെങ്കില്‍ കാണുവാനാഗ്രഹിച്ചിരുന്ന മറ്റ് ചിത്രങ്ങളെല്ലാം എങ്ങനെയോ കണ്ടിരുന്നു, അന്വേഷണങ്ങളില്‍ മുങ്ങി നിവരുമ്പോള്‍ കയ്യില്‍ എങ്ങനെയോ തടഞ്ഞിരുന്നു.

നാലോ അഞ്ചോ വര്‍ഷം മുന്‍പ്‌ ചിത്രം സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്നു, ഒരു പാതിരാ നേരത്ത്‌. അന്നാണ് ഏറണാകുളത്ത് നിന്നും ചാലക്കുടിയിലെത്തി, ചാലക്കുടിയില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ സഹയാത്രിക ബന്ധങ്ങളിലൊന്നിന് അപകടം പറ്റിയത്. വിജയേട്ടന്‍റെ പരിക്കിന്‍റെയും, പ്രായമായ വിജയേട്ടന്‍റെ അച്ഛന്‍റെയും, സുഹൃത്തുക്കളുടേയും കൂടെ ആ രാത്രി മുഴുവന്‍ അങ്ങനെ അവിചാരിതമായി ഒരു ആശുപത്രിയിലെ ഇടനാഴിയിലായിരുന്നു.

അധികം താമസിയാതെ വിജയേട്ടന്‍ സുഖം പ്രാപിച്ചു. കല്യാണം കഴിച്ചു. ജാതകം ചേര്‍ന്നെങ്കിലും മറ്റ് പലതും ചേര്‍ച്ചയില്ലാതായി. അങ്ങനെ അസ്വാരസ്യങ്ങള്‍ മൂത്ത് മൂത്ത് പലവുരു വൈറ്റ്‌ ഫോര്‍ട്ടില്‍ നിന്നും കാസില്‍ റോക്കില്‍ നിന്നും ഞങ്ങളില്‍ പലര്‍ക്കും വിജയേട്ടന്‍ തലചുമടായി. പുഴവക്കത്തും തോട്ടിന്‍ കരയിലും പലര്‍ക്കും പലവട്ടം വിജയേട്ടനേയും കാത്തുസൂക്ഷിച്ച് കാവലിരിക്കേണ്ടി വന്നു. വിവിധങ്ങളായ ഈ എടപാടുകള്‍ക്കിടയില്‍ വിജയേട്ടന്‍ , ചേര്‍ത്തുവെച്ച പല ബന്ധങ്ങളും ബലമായി വേര്‍പ്പെടുത്തിയെടുത്തു. വീണ്ടും കല്യാണം കഴിച്ചു. ഞങ്ങളില്‍ പലരും അക്കാര്യം അറിഞ്ഞത് പോലുമില്ല. വൈറ്റ്‌ ഫോര്‍ട്ടില്‍നിന്നും കാസില്‍ റോക്കില്‍ നിന്നും ഞങ്ങളില്‍ പലര്‍ക്കും കിട്ടിക്കൊണ്ടിരുന്ന തലചുമടുകള്‍ ഇല്ലാതായി.

ഇക്കഴിഞ്ഞയാഴ്ച നാട്ടിലെ അഷ്ടമി അമ്പലത്തിന്‍റെ പടിയിലേക്ക് വണ്ടി തിരിക്കവേ, വിജയേട്ടനും ഭാര്യയും ആ പഴയ ബജാജ്, പണ്ട് തട്ടി മുട്ടി ആശുപത്രിയിലാക്കിയ അതേ ശകടത്തില്‍ , കൈവീശി കാണിച്ച് കടന്നുപോയി.

ഇക്കാലയളവില്‍ ഞാന്‍ പഴയ 'ഇരകളെ' തേടിയുള്ള അന്വേഷങ്ങളിലായിരുന്നു. ചെറുതും വലുതുമായ ലൈബ്രറികളില്‍ , ശേഖരങ്ങളില്‍ , സുഹൃത്തുക്കളുടെ വര്‍ത്തമാനങ്ങളില്‍ , ചാനല്‍ കാഴ്ചകളില്‍ . പക്ഷേ, ഈ അന്വേഷണങ്ങള്‍ എവിടേയും എത്തിയില്ല. ''ഇരകളുടെ' വാസപ്പുരകള്‍ അജ്ഞാതമായി തന്നെ തുടര്‍ന്നു.

ഇന്നലെ വൃത്തിയായി ചെയ്ത ഒരു ഡിസൈന്‍ ക്ലൈന്റ് എന്ന സാമദ്രോഹി നിര്‍ദ്ദാക്ഷിണ്യം കൊല്ലാക്കൊല ചെയ്യുന്നതും നോക്കി 'ആരുക്ക്‌ പോയി' എന്ന ലൈനില്‍ സഹപ്രവര്‍ത്തകനൊപ്പം നിസ്സഹായതയോടെ നില്‍ക്കുമ്പോള്‍ , ഇനിയും അവിടെ നിന്നാല്‍ ഞാനിനി വല്ല കടുംകൈയും കാണിക്കുമോയെന്നു ഭയന്ന് 'സഹി'യുടെ ലാപ്‌ടോപ്പില്‍‌ ചുമ്മാ ഫോള്‍ഡറുകളെ പൊട്ടിച്ച് കളിക്കുന്നതിനിടയിലാണ് ' ഇരകള്‍ ' എന്നെ നോക്കി ചിരിക്കുന്നതും ഞാന്‍ യു.എസ്.‌ബി കുപ്പിയിലാക്കുന്നതും.

വിജയേട്ടന്‍ സുഖമായി ശയിക്കുന്ന ഒരു പാതിരാ നേരത്ത്‌ എന്റെ ഉറക്കം കെടുത്തികൊണ്ട് 'ഇരകളെ' വീഴ്ത്തിയ ഒരു നായാട്ട് കഥ തീരുന്നു...

ശുഭം!

April 12, 2011

അരുന്ധതിയുടെ ആനി

സ്കൂള്‍ പഠന കാലത്ത്‌ മനോരമ പത്രത്തിനോടൊപ്പം ലഭിച്ചിരുന്ന സപ്ലിമെന്‍റുകളിലൊന്ന് 'ക്യാംപസ് ലൈന്‍' ആയിരുന്നു. ബിലു സി നാരായണനേയും രൂപേഷ്‌ പോളിനേയും വായിക്കുന്നതും കവിതാ ബാലകൃഷ്ണന്റെയും സുജിത്തിന്റെയും വരകളെ പരിചയപ്പെടുന്നതും 'ക്യാംപസ് ലൈനി'ലൂടെയാണെന്നാണ് ഓര്‍മ്മ. ഏറെനാള്‍ കഴിഞ്ഞ് അരപേജിലേക്ക് തരംതാഴ്ത്തപ്പെടുന്നതിന് മുന്‍പുള്ള ആ 'ക്യാംപസ് ലൈന്‍' സപ്ലിമെന്റ്, അക്കാലത്ത്‌ സാമാന്യം ഭേദപ്പെട്ട ഉരുപ്പടി തന്നെയായിരുന്നു.

ക്യാംപസ് പശ്ചാത്തലത്തിലുള്ള ചിത്രങ്ങളെ കുറിച്ചുള്ള ഏതോ ഒരു ലക്കത്തിലാണ് 'ഇന്‍ വിച്ച് ആനി ഗിവ്സ് ഇറ്റ്‌ ദോസ് വണ്‍സെ'ന്ന ചിത്രത്തെ കുറിച്ച് ആദ്യം വായിക്കുന്നത്. വായിക്കുകയല്ലാതെ ചിത്രങ്ങളൊന്നും കാണുവാന്‍ വകുപ്പില്ലാത്ത കാലം.

പിന്നീട് ഒരു വെക്കേഷന്‍ കാലത്ത്‌ ബാഗ് നിറയെ സിഡികളുമായി വന്ന സുഹൃത്തിന്റെ ശേഖരത്തിലാണ് അവിചാരിതമായി ആനിയെ ആദ്യമായി കാണുന്നത്. അപ്പോഴേക്കും അരുന്ധതി റോയിയെന്ന എഴുത്തുകാരി ഏറെ പ്രശസ്തയായി കഴിഞ്ഞിരുന്നു.

'ഇന്‍ വിച്ച് ആനി ഗിവ്സ് ഇറ്റ്‌ ദോസ് വണ്‍സെ'ന്ന ചിത്രം ഇന്ത്യയില്‍ പുറത്തുവന്ന ക്യാംപസ് പശ്ചാത്തലത്തിലുള്ള ഏറ്റവും മികച്ച ചിത്രമായാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. അരുന്ധതി റോയിയുടെ ഈ ആദ്യ തിരക്കഥ, ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം അവര്‍ക്ക് നേടികൊടുത്തിരുന്നു. ചിത്രത്തിലെ മുഖ്യ കഥാപാത്രമാകുന്നതും എഴുത്തുകാരി തന്നെ. പിന്നീട് അരുന്ധതി റോയിയുടെ ജീവിത പങ്കാളിയായ പ്രദീപ്‌ ക്രിഷന്റെതാണ് ചിത്രത്തിന്റെ സംവിധാനം. ഷാരൂഖ്ഖാന്‍ അഭിനയിച്ച ആദ്യ ചിത്രങ്ങളിലൊന്ന് എന്നത്‌ മനപൂര്‍വ്വം പറയുന്നില്ല

സൌഹൃദത്തിന്റെ ചൂടും ചൂരും, പ്രോജക്ടിന്റെ ബദ്ധപ്പാടുകളും ഹോസ്റ്റല്‍ ജീവിതവും എന്നിങ്ങനെ ക്യാംപസ് ജീവിതത്തിന്റെ ആത്മാവ് പകര്‍ത്തപ്പെട്ടിട്ടുണ്ട് ഈ ചിത്രത്തില്‍. ഏറെ വാഴ്ത്തുകള്‍ ലഭിക്കാതെ പോയ ഈ ചിത്രത്തെ ഇവിടെ കാണാം, കാണണം... :)

March 4, 2011

വിത്സണ്‍ പെരേര


ചിത്രങ്ങളെ കുറിച്ചുള്ള കുറിപ്പുകളില്‍ നിന്നും മാറി, ചിത്രത്തിന് വേണ്ടി തന്നെയുള്ള എന്റെ എഴുത്ത്‌ തുടങ്ങുന്നത് 'വില്‍സണ്‍ പെരേര'-യില്‍ നിന്നാണ്, ഒരു വര്‍ഷത്തിലേറെ മുന്‍പ്‌. സുഹൃത്തും എന്റെ സഹചലച്ചിത്ര യാത്രികരില്‍ ഒരാളും അഹമ്മദാബാദിലെ പ്രഖ്യാതമായ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും അനിമേഷന്‍ ഫിലിം ഡിസൈന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ധനീഷിന്റെ ഡിപ്ലോമ ചിത്രമാണിത്.‍

മൂന്നു ഭാഷകളിലായി പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍ , നസ്സിറുദ്ദീന്‍ ഷാ, ടോം ഓള്‍ട്ടര്‍ എന്നിവര്‍ നല്‍കിയ ശബ്ദമാണ് 'പെരേര'യുടെ സുകൃതം.

വിവിധ ദേശീയ, അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ ചിത്രം തെരെഞ്ഞെടുക്കപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

വില്‍സണ്‍ പെരേര (2010)

കഥ, സംവിധാനം: ധനീഷ് ജയിംസ് സണ്‍
ശബ്ദം: മോഹന്‍ലാല്‍
തിരക്കഥ: ധനീഷ് ജയിംസ് സണ്‍ , ഷാജി ടി.യു
ശബ്ദസംവിധാനം, സംഗീതം: ആദര്‍ശ് എസ് നാഥ്

Wilson Periera (Malayalam) from Dhaneesh Jameson on Vimeo.