March 9, 2010

ബ്ലഡ് ബ്രതേഴ്സ് (2007)

ചെറുചിത്രങ്ങളെ (Short Film) നമ്മള്‍ ഇപ്പോഴും വേണ്ടത്ര പരിഗണിക്കുന്നുണ്ടോ? ശ്രദ്ധിക്കുന്നുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ചലച്ചിത്രോത്സവങ്ങള്‍ - ചാനലുകള്‍ തുടങ്ങിയവയല്ലാതെ ചെറുചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരങ്ങളും തീരെയില്ല എന്ന് പറയാം. ചലച്ചിത്ര വിദ്യാര്‍ത്ഥികളും യുവ ചലച്ചിത്ര പ്രവര്‍ത്തകരും 'YouTube', 'Vimeo' തുടങ്ങിയ online സംവിധാനങ്ങള്‍ ഒരു പരിധിവരെയെങ്കിലും പ്രയോജനപ്പെടുത്തുന്നുണ്ട്‌. പക്ഷേ, ഈയിടങ്ങളില്‍ ഇനിയും പല പ്രമുഖരുടേയും മികച്ച സൃഷ്ടികള്‍ പലതും ലഭ്യമല്ല എന്നതാണ് സത്യം.

അമിത് കുമാര്‍ സംവിധാനം ചെയ്ത 'Bypass' എന്ന ചിത്രം ഈയിടെ കാണുവാനിടയായി. ലണ്ടന്‍, മിലാന്‍ മുതലായ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ പുരസ്കാരം നേടിയ, 2003-ല്‍ പൂര്‍ത്തിയാക്കിയ ഈ മികച്ച ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍ രാജീവ്‌ രവിയാണ്. ഈ ചിത്രം പോയിട്ട് ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍പ്പോലും ഇന്‍റര്‍നെറ്റില്‍ വിരളമാണ്.

ചെറുചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില ചാനലുകളെങ്കിലും നമുക്കുണ്ട്. ഒരു വര്‍ഷത്തിലേറെയായി 'ഏഷ്യാനെറ്റ് ന്യൂസ്' ചാനലില്‍ തിങ്കളാഴ്ചകളില്‍ രാത്രി 8.30-ന് സംപ്രേഷണം ചെയ്യുന്ന 'വെളിച്ചം', ചെറിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ചാനല്‍ വേദിയാണ്. ഒരു പക്ഷേ, ഇപ്പോള്‍ മലയാള ചാനലുകളില്‍ ചെറുചിത്രങ്ങള്‍ക്കായുള്ള ഒരേയൊരു വേദിയും ഇതായിരിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അമൃത ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന 'Movie Club' ചെറുചിത്രങ്ങളേയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

'ചിത്രമേള' എന്നൊരു പഴയ ചിത്രമുണ്ട് എങ്കിലും, 'കേരള കഫെ' എന്ന ചിത്രത്തോടെയാണ് ചിത്രസമാഹാരങ്ങള്‍ (Anthology) മലയാളിക്ക് പരിചിതമായത്. വിദേശ ഭാഷകളില്‍ ചിത്രസമാഹാരങ്ങള്‍ സമീപകാലത്ത്‌ ഏറെ സംഭവിക്കുന്നുണ്ട്. പുതിയ കാലത്തില്‍ രാം ഗോപാല്‍ വര്‍മ്മയുടെ 'Darna Mana Hai'-യോടെയാണ് ചിത്രസമാഹാരങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കമായത്‌. തുടര്‍ന്ന്‍ 'Dus Kahaniyaan' ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതുവരെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും മികച്ച ചിത്രസമാഹാരമെന്ന്‍ ഈ ലേഖകന്‍ കരുതുന്ന 'AiDS ജാഗോ' കാര്യമായ ചര്‍ച്ചകള്‍ക്ക്‌ വിധേയമായിരുന്നില്ല, പ്രദര്‍ശനങ്ങള്‍ക്കും.

മീര നായരുടെ 'Migration', ഫര്‍ഖാന്‍ അക്തറുടെ 'Positive', സന്തോഷ്‌ ശിവന്‍റെ 'പ്രാരംഭ', വിശാല്‍ ഭരദ്വാജിന്‍റെ 'Blood Brothers' എന്നിവയായിരുന്നു 'AiDs ജാഗോ' എന്ന ചിത്രസമാഹാരത്തില്‍ ഉണ്ടായിരുന്നത്. AiDS-നെ കുറിച്ചുള്ള നാട്ടറിവുകളും തെറ്റിദ്ധാരണകളും കുടുംബത്തിലും സൌഹൃദത്തിലും വരുത്തുന്ന മാറ്റങ്ങളാണ് പൊതുവില്‍ ഈ നാല് ചിത്രങ്ങളും ചര്‍ച്ച ചെയ്യുന്നത്. കൂട്ടത്തില്‍ ഏറ്റവും മികച്ചത് വിശാല്‍ ഭരദ്വാജിന്റെ 'Blood Brothers' എന്ന്‍ നിസ്സംശയം പറയാം.

'Pan's Labyrinth' പോലുള്ള വിശ്രുത ചലച്ചിത്രങ്ങള്‍ക്ക് ഛായഗ്രാഹണം നിര്‍വഹിച്ച ഗില്ലര്‍മോ നവാരോയും രാജീവ്‌ രവിയും ചേര്ന്നാണ് ചിത്രത്തിന്റെ സമാന മേഖല കൈകാര്യം ചെയ്തതത്. 'AiDS ജാഗോ'-യിലെ ഏററവും മികച്ച ചിത്രമായ 'Blood Brothers'-ആണ് ഇക്കുറി 'Bronze Screen' പങ്കുവെക്കുന്നത്. 18-മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

BLOOD BROTHERS
സംവിധാനം: വിശാല്‍ ഭരദ്വാജ്‌
ഛായഗ്രാഹണം: ഗില്ലര്‍മോ നവാരോ, രാജീവ്‌ രവി
ചിത്രസംയോജനം: മേഘ്ന സെന്‍
ശബ്ദം: കുനാല്‍ ശര്‍മ്മ
തിരക്കഥ: അഭിഷേക് ചൌബെ, സുപ്രതിക്‌ സെന്‍, അജിത്‌ അഹൂജ, ചേതന കൌശിക്
അഭിനേതാക്കള്‍ : സിദ്ധാര്‍ത്ഥ്, അയേഷാ ടാക്കിയ, പങ്കജ് കപൂര്‍7 comments:

Dibu said...

Shaji..

Thanks for introducing this short Film to me.. It's a good one in all means..

Thanks again..

Dibu

prose said...

great attempmt!!1
you have just won my kudos

ശ്രീ said...

വിവരങ്ങള്‍ക്കും വീഡിയോയ്ക്കും നന്ദി. കണ്ടു നോക്കട്റ്റെ

[ nardnahc hsemus ] said...

ഹൃസ്വ മൂവി കണ്ടു. ഭര്‍ദ്വാജിന്റെ കഴിവുകള്‍ അപാരം തന്നെ. ആകപ്പാടെ അലോസരമുണ്ടാക്കിയ ഒരു സീന്‍ സിദ്ധാര്‍ഥ് കാണാതായതിനു ശേഷം തിരിച്ചു വീട്ടില്‍ വരുമ്പോള്‍ വീട്ടില്‍ ഭാര്യയും മകനും കാര്‍ട്ടൂണ്‍ ചാനല്‍ കണ്ട് രസിച്ചിരിയ്ക്കുന്നു... അങ്ങനെയൊരു കുടുംബനാഥന്‍ ആ വീട്ടില്‍ നിന്നും മാസങ്ങളായി അപ്രത്യക്ഷനാണെന്ന് ആ ഒരു സീന്‍ കണ്ടാല്‍ തോന്നില്ല.. അതൊഴിവാക്കാമായിരുന്നു എന്ന് തോന്നി.. എങ്കിലും പവന്‍ മല്‍ഹോത്രയുടെ ആ സസ്പെന്സ് മനോഹരം...

Shaji T.U said...

ദിബു, :) അധികമാരും കാണാതെപോയ മികച്ച ഒരു ചിത്രമാണിത്...

Prose, :) നന്ദി...

ശ്രീ, കണ്ടുകഴിഞ്ഞും സാധിച്ചാല്‍ കുരിക്കുമല്ലോ?

Sumesh Chandran, നല്ല നിരീക്ഷണം കേട്ടോ... എങ്കിലും പുതിയ സാഹചര്യങ്ങളുമായി കുട്ടിയും ഭാര്യയും പൊരുത്തപ്പെട്ടിരുന്നു എന്ന് കരുതിയാല്‍ ...

Raj said...

സത്യം പറഞ്ഞാല്‍ ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു വരുന്നത് തന്നെ വിരളം. അത് റ്റിവി മാധ്യമങ്ങള്‍ പ്രദര്‍ശനം തുടങ്ങിയാല്‍ നന്നായിരുന്നു.

രാജ്

vijay said...

ഹൃസ്വ ചിത്രം കണ്ടു... ഈ ലിങ്ക് നല്‍കിയതിനു നന്ദി.. അല്ലായിരുന്നെങ്കില്‍ കാണാതെ പോകുമായിരുന്ന ഒരു ചിത്രമാണ് ഇത്... ഇതിന്റെ കൂടെയുള്ള മറ്റു ചിത്രങ്ങളും യു ടുബില്‍ ഉണ്ടോ? അതിനെ കുറിച്ച് കൂടി സൂചിപ്പിക്കാമായിരുന്നു.. ഈ ചിത്രം കണ്ടപ്പോള്‍ Tom Hanks ന്റെ Philadelphia എന്ന ചിത്രം ഓര്‍മ വന്നു... ഇത് പോലെ കൂടുതല്‍ ചിത്രങ്ങള്‍ താങ്ങള്‍ പരിചയപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.....