'ഷൈത്താന്‍' എന്ന ഹിന്ദി ചിത്രം കണ്ടവര്‍ക്കെല്ലാം ബിജോയ് നമ്പ്യാര്‍ എന്ന പഹയന്‍ ഇനി ശരിക്കും മലയാളി തന്നെയാണോ എന്നൊരു ശങ്കയുണ്ടായിരുന്നു. 'ഷൈത്താന്‍' ഭേദപ്പെട്ട ഒരു ചിത്രമായിരുന്നിട്ടും ബിജോയ് നമ്പ്യാര്‍ ശ്രദ്ധയേനായിട്ടും ബിജോയ് നമ്പ്യാരെ തേടി നാട്ടിലെ കൊടികെട്ടിയ മാധ്യമങ്ങളൊന്നും പോയതായി അറിവില്ല. അവര്‍ തന്നെയാണ് പള്ളിയിലെ പെരുന്നാളിനും അമ്പലത്തിലെ ഉത്സവത്തിനും അവര്‍ തന്നെ സാറ്റലൈറ്റ് മൂല്യമുണ്ടാക്കി കൊടുത്ത താരങ്ങളെ വിളിച്ചിരുത്തി 'താങ്കള്‍ മദ്യപിക്കാറുണ്ടോ' എന്ന് ചോദിക്കുന്നതും 'ഓ അങ്ങനെതങ്ങനെയോ' എന്ന് നെടുവീര്‍പ്പിടുന്നതും. ('ദിവസം എത്ര നേരം മൂത്രമൊഴിക്കും?' 'ചായ തന്നെയല്ലെ രാവിലെ കുടിക്കുന്നത്?', 'ബിരിയാണിയില്‍ ഉപ്പ് കുറഞ്ഞുപോയാല്‍ ഭാര്യയെ കുനിച്ച് നിര്‍ത്തി കൂമ്പിനിടിക്കാറുണ്ടോ?' മുതലായ ചോദ്യങ്ങള്‍ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം.) ബൈ ദി ബൈ പറഞ്ഞു വന്നത്, വണ്‍ മിസ്റ്റര്‍ നമ്പ്യാരുടെ കഥയാണ്.
മോഹന്‍ലാല്‍ അഭിനയിച്ച 'Reflections' എന്നൊരു ഹൃസ്വചിത്രം നിങ്ങള്‍ ഒരു പക്ഷേ കണ്ടിരിക്കും. ആ ചിത്രത്തിന്റെ സംവിധായകനായിരുന്നു, ബിജോയ് നമ്പ്യാര്‍. ചിത്രം പൂര്‍ത്തിയാക്കിയ വേളയില്‍ മലയാള മനോരമയില്‍ ഉണ്ണി വാര്യര്‍ എഴുതിയ ലേഖനം എടുത്തുവച്ച പഴയ പത്രത്താളുകളില്‍ നിന്നും യാദൃശ്ചികമായി ലഭിച്ചു. ബിജോയ് നമ്പ്യാരെ കുറിച്ച്, 'Reflections'-നെ കുറിച്ച്...
കെ.ജി ജോര്‍ജ്ജിന്റെ ' ഇരകള്‍ ' പോലെ ഞാന്‍ അന്വേഷിച്ചലഞ്ഞ, കാണുവാന്‍ ആഗ്രഹിച്ചിരുന്ന മറ്റൊരു മലയാള ചിത്രമില്ല. അല്ലെങ്കില്‍ കാണുവാനാഗ്രഹിച്ചിരുന്ന മറ്റ് ചിത്രങ്ങളെല്ലാം എങ്ങനെയോ കണ്ടിരുന്നു, അന്വേഷണങ്ങളില്‍ മുങ്ങി നിവരുമ്പോള്‍ കയ്യില്‍ എങ്ങനെയോ തടഞ്ഞിരുന്നു.
നാലോ അഞ്ചോ വര്‍ഷം മുന്‍പ് ചിത്രം സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്നു, ഒരു പാതിരാ നേരത്ത്. അന്നാണ് ഏറണാകുളത്ത് നിന്നും ചാലക്കുടിയിലെത്തി, ചാലക്കുടിയില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ സഹയാത്രിക ബന്ധങ്ങളിലൊന്നിന് അപകടം പറ്റിയത്. വിജയേട്ടന്‍റെ പരിക്കിന്‍റെയും, പ്രായമായ വിജയേട്ടന്‍റെ അച്ഛന്‍റെയും, സുഹൃത്തുക്കളുടേയും കൂടെ ആ രാത്രി മുഴുവന്‍ അങ്ങനെ അവിചാരിതമായി ഒരു ആശുപത്രിയിലെ ഇടനാഴിയിലായിരുന്നു.
അധികം താമസിയാതെ വിജയേട്ടന്‍ സുഖം പ്രാപിച്ചു. കല്യാണം കഴിച്ചു. ജാതകം ചേര്‍ന്നെങ്കിലും മറ്റ് പലതും ചേര്‍ച്ചയില്ലാതായി. അങ്ങനെ അസ്വാരസ്യങ്ങള്‍ മൂത്ത് മൂത്ത് പലവുരു വൈറ്റ് ഫോര്‍ട്ടില്‍ നിന്നും കാസില്‍ റോക്കില്‍ നിന്നും ഞങ്ങളില്‍ പലര്‍ക്കും വിജയേട്ടന്‍ തലചുമടായി. പുഴവക്കത്തും തോട്ടിന്‍ കരയിലും പലര്‍ക്കും പലവട്ടം വിജയേട്ടനേയും കാത്തുസൂക്ഷിച്ച് കാവലിരിക്കേണ്ടി വന്നു. വിവിധങ്ങളായ ഈ എടപാടുകള്‍ക്കിടയില്‍ വിജയേട്ടന്‍ , ചേര്‍ത്തുവെച്ച പല ബന്ധങ്ങളും ബലമായി വേര്‍പ്പെടുത്തിയെടുത്തു. വീണ്ടും കല്യാണം കഴിച്ചു. ഞങ്ങളില്‍ പലരും അക്കാര്യം അറിഞ്ഞത് പോലുമില്ല. വൈറ്റ് ഫോര്‍ട്ടില്‍നിന്നും കാസില്‍ റോക്കില്‍ നിന്നും ഞങ്ങളില്‍ പലര്‍ക്കും കിട്ടിക്കൊണ്ടിരുന്ന തലചുമടുകള്‍ ഇല്ലാതായി.
ഇക്കഴിഞ്ഞയാഴ്ച നാട്ടിലെ അഷ്ടമി അമ്പലത്തിന്‍റെ പടിയിലേക്ക് വണ്ടി തിരിക്കവേ, വിജയേട്ടനും ഭാര്യയും ആ പഴയ ബജാജ്, പണ്ട് തട്ടി മുട്ടി ആശുപത്രിയിലാക്കിയ അതേ ശകടത്തില്‍ , കൈവീശി കാണിച്ച് കടന്നുപോയി.
ഇക്കാലയളവില്‍ ഞാന്‍ പഴയ 'ഇരകളെ' തേടിയുള്ള അന്വേഷങ്ങളിലായിരുന്നു. ചെറുതും വലുതുമായ ലൈബ്രറികളില്‍ , ശേഖരങ്ങളില്‍ , സുഹൃത്തുക്കളുടെ വര്‍ത്തമാനങ്ങളില്‍ , ചാനല്‍ കാഴ്ചകളില്‍ . പക്ഷേ, ഈ അന്വേഷണങ്ങള്‍ എവിടേയും എത്തിയില്ല. ''ഇരകളുടെ' വാസപ്പുരകള്‍ അജ്ഞാതമായി തന്നെ തുടര്‍ന്നു.
ഇന്നലെ വൃത്തിയായി ചെയ്ത ഒരു ഡിസൈന്‍ ക്ലൈന്റ് എന്ന സാമദ്രോഹി നിര്‍ദ്ദാക്ഷിണ്യം കൊല്ലാക്കൊല ചെയ്യുന്നതും നോക്കി 'ആരുക്ക് പോയി' എന്ന ലൈനില്‍ സഹപ്രവര്‍ത്തകനൊപ്പം നിസ്സഹായതയോടെ നില്‍ക്കുമ്പോള്‍ , ഇനിയും അവിടെ നിന്നാല്‍ ഞാനിനി വല്ല കടുംകൈയും കാണിക്കുമോയെന്നു ഭയന്ന് 'സഹി'യുടെ ലാപ്‌ടോപ്പില്‍ ചുമ്മാ ഫോള്‍ഡറുകളെ പൊട്ടിച്ച് കളിക്കുന്നതിനിടയിലാണ് ' ഇരകള്‍ ' എന്നെ നോക്കി ചിരിക്കുന്നതും ഞാന്‍ യു.എസ്.ബി കുപ്പിയിലാക്കുന്നതും.
വിജയേട്ടന്‍ സുഖമായി ശയിക്കുന്ന ഒരു പാതിരാ നേരത്ത് എന്റെ ഉറക്കം കെടുത്തികൊണ്ട് 'ഇരകളെ' വീഴ്ത്തിയ ഒരു നായാട്ട് കഥ തീരുന്നു...
സ്കൂള്‍ പഠന കാലത്ത് മനോരമ പത്രത്തിനോടൊപ്പം ലഭിച്ചിരുന്ന സപ്ലിമെന്‍റുകളിലൊന്ന് 'ക്യാംപസ് ലൈന്‍' ആയിരുന്നു. ബിലു സി നാരായണനേയും രൂപേഷ് പോളിനേയും വായിക്കുന്നതും കവിതാ ബാലകൃഷ്ണന്റെയും സുജിത്തിന്റെയും വരകളെ പരിചയപ്പെടുന്നതും 'ക്യാംപസ് ലൈനി'ലൂടെയാണെന്നാണ് ഓര്‍മ്മ. ഏറെനാള്‍ കഴിഞ്ഞ് അരപേജിലേക്ക് തരംതാഴ്ത്തപ്പെടുന്നതിന് മുന്‍പുള്ള ആ 'ക്യാംപസ് ലൈന്‍' സപ്ലിമെന്റ്, അക്കാലത്ത് സാമാന്യം ഭേദപ്പെട്ട ഉരുപ്പടി തന്നെയായിരുന്നു.
ക്യാംപസ് പശ്ചാത്തലത്തിലുള്ള ചിത്രങ്ങളെ കുറിച്ചുള്ള ഏതോ ഒരു ലക്കത്തിലാണ് 'ഇന്‍ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വണ്‍സെ'ന്ന ചിത്രത്തെ കുറിച്ച് ആദ്യം വായിക്കുന്നത്. വായിക്കുകയല്ലാതെ ചിത്രങ്ങളൊന്നും കാണുവാന്‍ വകുപ്പില്ലാത്ത കാലം.
പിന്നീട് ഒരു വെക്കേഷന്‍ കാലത്ത് ബാഗ് നിറയെ സിഡികളുമായി വന്ന സുഹൃത്തിന്റെ ശേഖരത്തിലാണ് അവിചാരിതമായി ആനിയെ ആദ്യമായി കാണുന്നത്. അപ്പോഴേക്കും അരുന്ധതി റോയിയെന്ന എഴുത്തുകാരി ഏറെ പ്രശസ്തയായി കഴിഞ്ഞിരുന്നു.
'ഇന്‍ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വണ്‍സെ'ന്ന ചിത്രം ഇന്ത്യയില്‍ പുറത്തുവന്ന ക്യാംപസ് പശ്ചാത്തലത്തിലുള്ള ഏറ്റവും മികച്ച ചിത്രമായാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. അരുന്ധതി റോയിയുടെ ഈ ആദ്യ തിരക്കഥ, ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം അവര്‍ക്ക് നേടികൊടുത്തിരുന്നു. ചിത്രത്തിലെ മുഖ്യ കഥാപാത്രമാകുന്നതും എഴുത്തുകാരി തന്നെ. പിന്നീട് അരുന്ധതി റോയിയുടെ ജീവിത പങ്കാളിയായ പ്രദീപ് ക്രിഷന്റെതാണ് ചിത്രത്തിന്റെ സംവിധാനം. ഷാരൂഖ്ഖാന്‍ അഭിനയിച്ച ആദ്യ ചിത്രങ്ങളിലൊന്ന് എന്നത് മനപൂര്‍വ്വം പറയുന്നില്ല
സൌഹൃദത്തിന്റെ ചൂടും ചൂരും, പ്രോജക്ടിന്റെ ബദ്ധപ്പാടുകളും ഹോസ്റ്റല്‍ ജീവിതവും എന്നിങ്ങനെ ക്യാംപസ് ജീവിതത്തിന്റെ ആത്മാവ് പകര്‍ത്തപ്പെട്ടിട്ടുണ്ട് ഈ ചിത്രത്തില്‍. ഏറെ വാഴ്ത്തുകള്‍ ലഭിക്കാതെ പോയ ഈ ചിത്രത്തെ ഇവിടെ കാണാം, കാണണം... :)
ചിത്രങ്ങളെ കുറിച്ചുള്ള കുറിപ്പുകളില്‍ നിന്നും മാറി, ചിത്രത്തിന് വേണ്ടി തന്നെയുള്ള എന്റെ എഴുത്ത് തുടങ്ങുന്നത് 'വില്‍സണ്‍ പെരേര'-യില്‍ നിന്നാണ്, ഒരു വര്‍ഷത്തിലേറെ മുന്‍പ്. സുഹൃത്തും എന്റെ സഹചലച്ചിത്ര യാത്രികരില്‍ ഒരാളും അഹമ്മദാബാദിലെ പ്രഖ്യാതമായ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും അനിമേഷന്‍ ഫിലിം ഡിസൈന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ധനീഷിന്റെ ഡിപ്ലോമ ചിത്രമാണിത്.
മൂന്നു ഭാഷകളിലായി പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍ , നസ്സിറുദ്ദീന്‍ ഷാ, ടോം ഓള്‍ട്ടര്‍ എന്നിവര്‍ നല്‍കിയ ശബ്ദമാണ് 'പെരേര'യുടെ സുകൃതം.
വിവിധ ദേശീയ, അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ ചിത്രം തെരെഞ്ഞെടുക്കപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. വില്‍സണ്‍ പെരേര (2010) കഥ, സംവിധാനം: ധനീഷ് ജയിംസ് സണ്‍ ശബ്ദം: മോഹന്‍ലാല്‍ തിരക്കഥ: ധനീഷ് ജയിംസ് സണ്‍ , ഷാജി ടി.യു ശബ്ദസംവിധാനം, സംഗീതം: ആദര്‍ശ് എസ് നാഥ്
ഇന്നലെ രാത്രി അഷ്ടമിച്ചിറയിലെ മഹാലക്ഷ്മി തീയറ്ററില്‍ ' അന്‍വര്‍ ' ഒന്നൂടെ കണ്ടു. പത്തോ ഇരുപതോ പേര്‍ മാത്രമുണ്ടായിരുന്നതുകൊണ്ട് സുഖമുള്ള കാഴ്ച. ബഹളങ്ങള്‍ മാറ്റി കാഴ്ചകളെ ഇതുപോലെ ചെറിയ ഇടങ്ങളില്‍ സ്വസ്ഥമാക്കിയാലോ എന്നൊരാലോചന. എന്തായാലും ഒരുപാട് നാള്‍ കഴിഞ്ഞാണ് ഒരു ചിത്രം മഹാലക്ഷ്മിയില്‍ കാണുന്നത്.
ചലച്ചിത്രങ്ങള്‍ കാണുവാന്‍ കാര്യമായ സ്വാതന്ത്രമില്ലാതിരുന്ന പഠനകാലത്ത് വീട്ടില്‍ നിന്നും മുങ്ങി, പാത്തുപതുങ്ങിയും പണ്ട് കുറേയേറെ ചിത്രങ്ങള്‍ ഓലമേഞ്ഞ, പഴയ മഹാലക്ഷ്മി തീയറ്ററില്‍ കണ്ടിട്ടുണ്ട്. എത്ര തല്ലിപ്പൊളി പടമാണെങ്കിലും ഏതു ഭാഷയാണെങ്കിലും എല്ലാ ഷോക്കും അന്ന് സ്ഥിരം ഒരു കൂട്ടം ചിത്രം കാണുവാനെത്തിയിരുന്നു. അന്നൊക്കെ ചാലക്കുടിയിലേയും തൃശ്ശൂരിലേയും റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നും പടം മാറി അഷ്ടമിച്ചിറയിലെത്തുവാന്‍ എന്നെപ്പോലുള്ളവര്‍ കാത്തിരിക്കുമായിരുന്നു.
തീയറ്ററില്‍ നിറയുന്ന ബീഡിപുകയുടേയും തനി നാടന്‍ 'നിരീക്ഷണ'ങ്ങളുടേയും നടുവില്‍ ചായക്കടക്കാരന്‍ ജോസേട്ടന്‍ പറയണപോലെ, 'മ്മടെ മോന്‍ ലാലിന്‍റെയും' മറ്റും എത്ര ചെമ്പ് പടങ്ങളാ അവിടെ കണ്ടത്!! ആമ്പല്ലൂക്കാര് കൂട്ടര് ഞാന്‍ പ്രീഡിഗ്രി പഠിക്കുന്ന കാലത്താണ് മഹാലക്ഷ്മിയെ സ്വന്തമാക്കിയത്. അവര്‍ അതിനെ സാമാന്യം നല്ല രീതിയില്‍ പുതുക്കി പണിതു. ബാല്‍ക്കണി വന്നു. ഡോള്‍ബിയും മൂരി നിവര്‍ന്നു കാണാവുന്ന ചാരുകസേരകളുമുണ്ടാക്കി. ടിക്കറ്റ് ചാര്‍ജ്ജ് ചാലക്കുടിയിലേതിനോട് കട്ടക്ക് പിടിച്ചു. അങ്ങനെ വിശാലമായി ചിന്തിക്കുന്ന അഷ്ടമിച്ചിറക്കാര്‍ ചാലക്കുടിയില്‍ പോയി സിനിമകള്‍ കാണുവാന്‍ തുടങ്ങി. ഞാന്‍ തൃശ്ശൂരും എറണാകുളത്തും എന്തിന് ഒരു ചിത്രം കാണാന്‍ വേണ്ടി മാത്രം മധുരക്ക് വരെ വണ്ടി കയറി.
മഹാലക്ഷ്മിയുടെ ശ്രീ മാഞ്ഞു. വേറെ ഒരു പണിയും ഒരു വഴിയും ഇല്ലെങ്കില്‍ മാത്രം നാട്ടുകാര്‍ മഹാലക്ഷ്മിയെ കാണുവാനെത്തി. നാട്ടുകാരുടെ പിണക്കത്തില്‍ മടിശ്ശീല നൊന്ത മഹാലക്ഷ്മി ഇപ്പോള്‍ നാട്ടിലെ മണവാളന്‍മാരെയും മണവാട്ടിമാരെയും സുവിശേഷകരേയും പാര്‍ട്ടിക്കാരേയും കുറിച്ചൊക്കെ അന്വേഷണം തുടങ്ങിയ കാര്യം ഈയിടെയാണ് അറിഞ്ഞത്. അങ്ങിനെയെങ്കില്‍ എന്റെ പഴയ കലാശ്ശാലങ്ങളിലൊന്ന് ഓര്‍മ്മയാകാന്‍ തുടങ്ങുന്നു...
“Sintel” is an independently produced short animation film, initiated by the Blender Foundation as a means to further improve and validate the free/open source 3D creation suite Blender. With initial funding provided by 1000s of donations via the internet community, it has again proven to be a viable development model for both open 3D technology as for independent animation film.
This 15 minute film has been realized in the studio of the Amsterdam Blender Institute, by an international team of artists and developers. In addition to that, several crucial technical and creative targets have been realized online, by developers and artists and teams all over the world. (Source: Note on Youtube by Blender Foundation)
A big thanks to Thomas Vazhappilly for sharing this information with me :)
പതിവ് YouTube തിരയലില്‍ കണ്ണിലുടക്കിയ സവിശേഷമായ ഒരു പരസ്യ ചിത്ര ശൃംഖലയെ പരിചയപ്പെടുത്തുകയാണ് ഒരു നീണ്ട ഇടവേളക്ക് ശേഷം Bronze Screen-ലെ പോസ്റ്റില്‍.
'Bicentennial Stars' എന്ന പേരില്‍ മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ എട്ട് ചിത്രങ്ങളും നിര്‍മ്മിച്ചത് ഫിലിംമേറ്റ്സ് എന്ന കമ്പനിയാണ്. ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഡീഗോ പെര്‍ണിയ. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസില്‍ ചലച്ചിത്ര സംവിധാനം പൂര്‍ത്തിയാക്കിയ ഡീഗോ പെര്‍ണിയ തുടര്‍ന്ന്‍, മിയാമിയിലും മാഡ്രിഡിലും ബെര്‍ലിനുമായി വര്‍ഷങ്ങള്‍ നീണ്ട അനുബന്ധ ചലച്ചിത്ര-നാടക പഠനങ്ങളില്‍ മുഴുകി. ഇപ്പോള്‍ മെക്സിക്കോയിലെ ഫിലിംമേറ്റ്സ് എന്ന നിര്‍മ്മാണ കമ്പനിയിലെ സംവിധായകരില്‍ ഒരാള്‍ .
ഡീഗോ പെര്‍ണിയുടെ സംവിധാനത്തില്‍ സോണി ബ്രാവിയ, AXE, AXN, നെസ്ലെ മുതലായ പ്രമുഖ കമ്പനികളുടെ പരസ്യ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഡിസ്കവറി, ബിബിസി മുതലായ ചാനലുകള്‍ക്ക് വേണ്ടി വിവിധ പരിപാടികളും ഡീഗോ പെര്‍ണിയ ഒരുക്കിയിട്ടുണ്ട്.
കണ്ണിമ വെട്ടാതെ കണ്ടിരിക്കുന്ന ഈ ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ കുറിക്കുന്നില്ല. കാരണം കാഴ്ചകള്‍ എന്നും കാണുവാനുള്ളവയാണ്...
സംവിധാനം: ഡീഗോ പെര്‍ണിയ ഛായഗ്രഹണം: ഡേവിഡ് ടോറസ് കോസ്റ്റില്ല ചിത്രസംയോജനം: അര്‍തുറോ സാഞ്ചസ് വാലന്റിനോ ശബ്ദം: ജുവാന്‍ ആന്റോണിയോ ഗോമസ് സംഗീതം: ഗുസ്താവോ ഫാരിയാസ് കല: ജോര്‍ജ്ജ് മാര്‍ട്ടിനെസ് വസ്ത്രാലങ്കാരം: ഗുസ്താവോ ഗാര്‍സിയ
ഈ പോസ്റ്റില്‍ ചിത്രമായി തന്നെ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയാതിരുന്ന ഏഴാമത്തെ ചിത്രം YouTube-ല്‍ ഇതിലെ പോയി കാണുക
ചെറുചിത്രങ്ങളെ (Short Film) നമ്മള്‍ ഇപ്പോഴും വേണ്ടത്ര പരിഗണിക്കുന്നുണ്ടോ? ശ്രദ്ധിക്കുന്നുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ചലച്ചിത്രോത്സവങ്ങള്‍ - ചാനലുകള്‍ തുടങ്ങിയവയല്ലാതെ ചെറുചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരങ്ങളും തീരെയില്ല എന്ന് പറയാം. ചലച്ചിത്ര വിദ്യാര്‍ത്ഥികളും യുവ ചലച്ചിത്ര പ്രവര്‍ത്തകരും 'YouTube', 'Vimeo' തുടങ്ങിയ online സംവിധാനങ്ങള്‍ ഒരു പരിധിവരെയെങ്കിലും പ്രയോജനപ്പെടുത്തുന്നുണ്ട്. പക്ഷേ, ഈയിടങ്ങളില്‍ ഇനിയും പല പ്രമുഖരുടേയും മികച്ച സൃഷ്ടികള്‍ പലതും ലഭ്യമല്ല എന്നതാണ് സത്യം.
അമിത് കുമാര്‍ സംവിധാനം ചെയ്ത 'Bypass' എന്ന ചിത്രം ഈയിടെ കാണുവാനിടയായി. ലണ്ടന്‍, മിലാന്‍ മുതലായ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ പുരസ്കാരം നേടിയ, 2003-ല്‍ പൂര്‍ത്തിയാക്കിയ ഈ മികച്ച ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍ രാജീവ് രവിയാണ്. ഈ ചിത്രം പോയിട്ട് ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍പ്പോലും ഇന്‍റര്‍നെറ്റില്‍ വിരളമാണ്.
ചെറുചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില ചാനലുകളെങ്കിലും നമുക്കുണ്ട്. ഒരു വര്‍ഷത്തിലേറെയായി 'ഏഷ്യാനെറ്റ് ന്യൂസ്' ചാനലില്‍ തിങ്കളാഴ്ചകളില്‍ രാത്രി 8.30-ന് സംപ്രേഷണം ചെയ്യുന്ന 'വെളിച്ചം', ചെറിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ചാനല്‍ വേദിയാണ്. ഒരു പക്ഷേ, ഇപ്പോള്‍ മലയാള ചാനലുകളില്‍ ചെറുചിത്രങ്ങള്‍ക്കായുള്ള ഒരേയൊരു വേദിയും ഇതായിരിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമൃത ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന 'Movie Club' ചെറുചിത്രങ്ങളേയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
'ചിത്രമേള' എന്നൊരു പഴയ ചിത്രമുണ്ട് എങ്കിലും, 'കേരള കഫെ' എന്ന ചിത്രത്തോടെയാണ് ചിത്രസമാഹാരങ്ങള്‍ (Anthology) മലയാളിക്ക് പരിചിതമായത്. വിദേശ ഭാഷകളില്‍ ചിത്രസമാഹാരങ്ങള്‍ സമീപകാലത്ത് ഏറെ സംഭവിക്കുന്നുണ്ട്. പുതിയ കാലത്തില്‍ രാം ഗോപാല്‍ വര്‍മ്മയുടെ 'Darna Mana Hai'-യോടെയാണ് ചിത്രസമാഹാരങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കമായത്. തുടര്‍ന്ന്‍ 'Dus Kahaniyaan' ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതുവരെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും മികച്ച ചിത്രസമാഹാരമെന്ന്‍ ഈ ലേഖകന്‍ കരുതുന്ന 'AiDS ജാഗോ' കാര്യമായ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നില്ല, പ്രദര്‍ശനങ്ങള്‍ക്കും.
മീര നായരുടെ 'Migration', ഫര്‍ഖാന്‍ അക്തറുടെ 'Positive', സന്തോഷ് ശിവന്‍റെ 'പ്രാരംഭ', വിശാല്‍ ഭരദ്വാജിന്‍റെ 'Blood Brothers' എന്നിവയായിരുന്നു 'AiDs ജാഗോ' എന്ന ചിത്രസമാഹാരത്തില്‍ ഉണ്ടായിരുന്നത്. AiDS-നെ കുറിച്ചുള്ള നാട്ടറിവുകളും തെറ്റിദ്ധാരണകളും കുടുംബത്തിലും സൌഹൃദത്തിലും വരുത്തുന്ന മാറ്റങ്ങളാണ് പൊതുവില്‍ ഈ നാല് ചിത്രങ്ങളും ചര്‍ച്ച ചെയ്യുന്നത്. കൂട്ടത്തില്‍ ഏറ്റവും മികച്ചത് വിശാല്‍ ഭരദ്വാജിന്റെ 'Blood Brothers' എന്ന്‍ നിസ്സംശയം പറയാം.
'Pan's Labyrinth' പോലുള്ള വിശ്രുത ചലച്ചിത്രങ്ങള്‍ക്ക് ഛായഗ്രാഹണം നിര്‍വഹിച്ച ഗില്ലര്‍മോ നവാരോയും രാജീവ് രവിയും ചേര്ന്നാണ് ചിത്രത്തിന്റെ സമാന മേഖല കൈകാര്യം ചെയ്തതത്. 'AiDS ജാഗോ'-യിലെ ഏററവും മികച്ച ചിത്രമായ 'Blood Brothers'-ആണ് ഇക്കുറി 'Bronze Screen' പങ്കുവെക്കുന്നത്. 18-മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
ചില ചിത്രങ്ങള്‍ കാണുമ്പോള്‍ ചില പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ചില അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതെല്ലാം പ്രിയ സുഹൃത്തുക്കള്‍ക്കായി പങ്കുവയ്ക്കണമെന്ന്‍ അതിയായി ആഗ്രഹിച്ച് പോകാറുണ്ട്. ഇ-മേയിലുകളില്‍ ഒരു പരിധിവരെയെങ്കിലും അതിനായി ശ്രമിക്കാറുണ്ട്. പരിമിതമായ ആ വലയത്തിന് പുറത്തേക്കുള്ള ഒരു പങ്കുവെക്കല്‍ ശ്രമമാണ്, 'Bronze Screen' എന്ന പുതിയ ഈ ബ്ലോഗ്. അഭിപ്രായങ്ങള്‍ എഴുതുമല്ലോ... ഒപ്പം സാധിച്ചാല്‍ നിങ്ങളുടെ സുഹൃത്തുക്കളെ ഇവിടം പരിചയപ്പെടുത്തുകയും ചെയ്യുക.
ഫെബ്രുവരി 21-ന് തൃശൂരില്‍ സമാപിച്ച വിബ്ജിയോര്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ പത്മരാജനെക്കുറിച്ച് സാമാന്യം ദൈര്‍ഘ്യമേറിയ ഒരു ചിത്രം കാണുവാനിടയായി. സുഹൃത്ത് രാജേഷ് മേനോന്‍ സംവിധാനം ചെയ്ത 'കടൽക്കാറ്റിലൊരു ദൂത്'. സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും അടുത്ത ബന്ധങ്ങളുടേയും ഓര്‍മകളിലൂടെ പത്മരാജനെ അറിയുകയാണ് ഈ ചിത്രം. ചിത്രത്തിന്റെ ഒരു സവിശേഷതയായി അനുഭവപ്പെട്ടത് 'ഞാന്‍ ഗന്ധര്‍വന്റെ' ചിത്രീകരണത്തിന്റെ പഴയ ഫുട്ടേജുകളും ചലച്ചിത്രത്തേയും തിരക്കഥയേയും കുറിച്ചുള്ള പത്മരാജന്‍റെ സംഭാഷണശകലങ്ങളുമാണ്. ചാനലീച്ചകള്‍ പറന്നുതുടങ്ങുന്നതിനും മുന്‍പുള്ള ഒരു കാലത്ത് നമ്മെ വിട്ടുപോയ ആ പ്രതിഭയുടെ അഭിമുഖങ്ങളോ സംഭാഷണങ്ങളോ ഇതിനുമുന്‍പ് കണ്ടതായി ഓര്‍ക്കുന്നില്ല. യാദൃശ്ചികമായി 'youtube'-ല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിന്റെ ദൃശൄങ്ങള്‍ കാണുവാനിടയായി. അപൂര്‍വ്വമായ ഈ ദൃശൄങ്ങള്‍ യൂട്യൂബില്‍ ലഭ്യമാക്കിയ അജ്ഞാതനായ സുഹൃത്തിന് നന്ദി...