December 2, 2010

ശ്രീ പോയ മഹാലക്ഷ്മി

ഇന്നലെ രാത്രി അഷ്ടമിച്ചിറയിലെ മഹാലക്ഷ്മി തീയറ്ററില്‍ ' അന്‍വര്‍ ' ഒന്നൂടെ കണ്ടു. പത്തോ ഇരുപതോ പേര്‍ മാത്രമുണ്ടായിരുന്നതുകൊണ്ട് സുഖമുള്ള കാഴ്ച. ബഹളങ്ങള്‍ മാറ്റി കാഴ്ചകളെ ഇതുപോലെ ചെറിയ ഇടങ്ങളില്‍ സ്വസ്ഥമാക്കിയാലോ എന്നൊരാലോചന. എന്തായാലും ഒരുപാട് നാള്‍ കഴിഞ്ഞാണ് ഒരു ചിത്രം മഹാലക്ഷ്മിയില്‍ കാണുന്നത്.

ചലച്ചിത്രങ്ങള്‍ കാണുവാന്‍ കാര്യമായ സ്വാതന്ത്രമില്ലാതിരുന്ന പഠനകാലത്ത്‌ വീട്ടില്‍ നിന്നും മുങ്ങി, പാത്തുപതുങ്ങിയും പണ്ട് കുറേയേറെ ചിത്രങ്ങള്‍ ഓലമേഞ്ഞ, പഴയ മഹാലക്ഷ്മി തീയറ്ററില്‍ കണ്ടിട്ടുണ്ട്. എത്ര തല്ലിപ്പൊളി പടമാണെങ്കിലും ഏതു ഭാഷയാണെങ്കിലും എല്ലാ ഷോക്കും അന്ന് സ്ഥിരം ഒരു കൂട്ടം ചിത്രം കാണുവാനെത്തിയിരുന്നു. അന്നൊക്കെ ചാലക്കുടിയിലേയും തൃശ്ശൂരിലേയും റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നും പടം മാറി അഷ്ടമിച്ചിറയിലെത്തുവാന്‍ എന്നെപ്പോലുള്ളവര്‍ കാത്തിരിക്കുമായിരുന്നു.

തീയറ്ററില്‍ നിറയുന്ന ബീഡിപുകയുടേയും തനി നാടന്‍ 'നിരീക്ഷണ'ങ്ങളുടേയും നടുവില്‍ ചായക്കടക്കാരന്‍ ജോസേട്ടന്‍ പറയണപോലെ, 'മ്മടെ മോന്‍ ലാലിന്‍റെയും' മറ്റും എത്ര ചെമ്പ് പടങ്ങളാ അവിടെ കണ്ടത്‌!! ആമ്പല്ലൂക്കാര് കൂട്ടര്‌ ഞാന്‍ പ്രീഡിഗ്രി പഠിക്കുന്ന കാലത്താണ് മഹാലക്ഷ്മിയെ സ്വന്തമാക്കിയത്‌. അവര്‍ അതിനെ സാമാന്യം നല്ല രീതിയില്‍ പുതുക്കി പണിതു. ബാല്‍ക്കണി വന്നു. ഡോള്‍ബിയും മൂരി നിവര്‍ന്നു കാണാവുന്ന ചാരുകസേരകളുമുണ്ടാക്കി. ടിക്കറ്റ്‌ ചാര്‍ജ്ജ്‌ ചാലക്കുടിയിലേതിനോട് കട്ടക്ക് പിടിച്ചു. അങ്ങനെ വിശാലമായി ചിന്തിക്കുന്ന അഷ്ടമിച്ചിറക്കാര്‍ ചാലക്കുടിയില്‍ പോയി സിനിമകള്‍ കാണുവാന്‍ തുടങ്ങി. ഞാന്‍ തൃശ്ശൂരും എറണാകുളത്തും എന്തിന് ഒരു ചിത്രം കാണാന്‍ വേണ്ടി മാത്രം മധുരക്ക് വരെ വണ്ടി കയറി.

മഹാലക്ഷ്മിയുടെ ശ്രീ മാഞ്ഞു. വേറെ ഒരു പണിയും ഒരു വഴിയും ഇല്ലെങ്കില്‍ മാത്രം നാട്ടുകാര്‍ മഹാലക്ഷ്മിയെ കാണുവാനെത്തി. നാട്ടുകാരുടെ പിണക്കത്തില്‍ മടിശ്ശീല നൊന്ത മഹാലക്ഷ്മി ഇപ്പോള്‍ നാട്ടിലെ മണവാളന്‍മാരെയും മണവാട്ടിമാരെയും സുവിശേഷകരേയും പാര്‍ട്ടിക്കാരേയും കുറിച്ചൊക്കെ അന്വേഷണം തുടങ്ങിയ കാര്യം ഈയിടെയാണ് അറിഞ്ഞത്‌. അങ്ങിനെയെങ്കില്‍ എന്റെ പഴയ കലാശ്ശാലങ്ങളിലൊന്ന് ഓര്‍മ്മയാകാന്‍ തുടങ്ങുന്നു...

2 comments:

keraladasanunni said...

ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മ മാത്രം ബാക്കി വെപ്പിച്ചിട്ട് തിയേറ്ററുകള്‍ മറ്റു പലതുമായി രൂപാന്തരം 
പ്രാപിക്കുന്നു. നിലനില്‍ക്കാന്‍ കഴിയാത്തതിനാലാവണം
ഇങ്ങിനെ സംഭവിക്കുന്നത്.

Jijo said...

എത്രയെത്ര ഓർമ്മകൾ ആ തിയറ്ററിന്റെ അകത്തളങ്ങളിൽ ആലസ്യമാണ്ട് മയങ്ങുന്നു. മിശിഹാചരിത്രം, തച്ചോളി ഒതേനൻ, കടൽ‌പ്പാലം, ഒക്കെ അദ്യകാല ഓർമ്മകൾ. ഉയർന്നുയരുന്ന പുകച്ചുരുളുകൾക്കിടയിലൂടെ കടന്നു പോകുന്ന അത്ഭുതവെളിച്ചം ഇന്നും അതിശയിപ്പിക്കുന്നു. ഇടവേള സമയത്തെ കപ്പലണ്ടി പൊതികൾ ഇന്നും കൊതിപ്പിക്കുന്നു.

അവസാനമായി കണ്ടത് മമ്മൂട്ടിയുടെ മായാവി. പഴയ ഓർമ്മകൾ ഉണ്ടായിരുന്നില്ല അപ്പോൾ.