July 29, 2011

ഒരു സിനിമാക്കഥ

കെ.ജി ജോര്‍ജ്ജിന്റെ ' ഇരകള്‍ ' പോലെ ഞാന്‍ അന്വേഷിച്ചലഞ്ഞ, കാണുവാന്‍ ആഗ്രഹിച്ചിരുന്ന മറ്റൊരു മലയാള ചിത്രമില്ല. അല്ലെങ്കില്‍ കാണുവാനാഗ്രഹിച്ചിരുന്ന മറ്റ് ചിത്രങ്ങളെല്ലാം എങ്ങനെയോ കണ്ടിരുന്നു, അന്വേഷണങ്ങളില്‍ മുങ്ങി നിവരുമ്പോള്‍ കയ്യില്‍ എങ്ങനെയോ തടഞ്ഞിരുന്നു.

നാലോ അഞ്ചോ വര്‍ഷം മുന്‍പ്‌ ചിത്രം സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്നു, ഒരു പാതിരാ നേരത്ത്‌. അന്നാണ് ഏറണാകുളത്ത് നിന്നും ചാലക്കുടിയിലെത്തി, ചാലക്കുടിയില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ സഹയാത്രിക ബന്ധങ്ങളിലൊന്നിന് അപകടം പറ്റിയത്. വിജയേട്ടന്‍റെ പരിക്കിന്‍റെയും, പ്രായമായ വിജയേട്ടന്‍റെ അച്ഛന്‍റെയും, സുഹൃത്തുക്കളുടേയും കൂടെ ആ രാത്രി മുഴുവന്‍ അങ്ങനെ അവിചാരിതമായി ഒരു ആശുപത്രിയിലെ ഇടനാഴിയിലായിരുന്നു.

അധികം താമസിയാതെ വിജയേട്ടന്‍ സുഖം പ്രാപിച്ചു. കല്യാണം കഴിച്ചു. ജാതകം ചേര്‍ന്നെങ്കിലും മറ്റ് പലതും ചേര്‍ച്ചയില്ലാതായി. അങ്ങനെ അസ്വാരസ്യങ്ങള്‍ മൂത്ത് മൂത്ത് പലവുരു വൈറ്റ്‌ ഫോര്‍ട്ടില്‍ നിന്നും കാസില്‍ റോക്കില്‍ നിന്നും ഞങ്ങളില്‍ പലര്‍ക്കും വിജയേട്ടന്‍ തലചുമടായി. പുഴവക്കത്തും തോട്ടിന്‍ കരയിലും പലര്‍ക്കും പലവട്ടം വിജയേട്ടനേയും കാത്തുസൂക്ഷിച്ച് കാവലിരിക്കേണ്ടി വന്നു. വിവിധങ്ങളായ ഈ എടപാടുകള്‍ക്കിടയില്‍ വിജയേട്ടന്‍ , ചേര്‍ത്തുവെച്ച പല ബന്ധങ്ങളും ബലമായി വേര്‍പ്പെടുത്തിയെടുത്തു. വീണ്ടും കല്യാണം കഴിച്ചു. ഞങ്ങളില്‍ പലരും അക്കാര്യം അറിഞ്ഞത് പോലുമില്ല. വൈറ്റ്‌ ഫോര്‍ട്ടില്‍നിന്നും കാസില്‍ റോക്കില്‍ നിന്നും ഞങ്ങളില്‍ പലര്‍ക്കും കിട്ടിക്കൊണ്ടിരുന്ന തലചുമടുകള്‍ ഇല്ലാതായി.

ഇക്കഴിഞ്ഞയാഴ്ച നാട്ടിലെ അഷ്ടമി അമ്പലത്തിന്‍റെ പടിയിലേക്ക് വണ്ടി തിരിക്കവേ, വിജയേട്ടനും ഭാര്യയും ആ പഴയ ബജാജ്, പണ്ട് തട്ടി മുട്ടി ആശുപത്രിയിലാക്കിയ അതേ ശകടത്തില്‍ , കൈവീശി കാണിച്ച് കടന്നുപോയി.

ഇക്കാലയളവില്‍ ഞാന്‍ പഴയ 'ഇരകളെ' തേടിയുള്ള അന്വേഷങ്ങളിലായിരുന്നു. ചെറുതും വലുതുമായ ലൈബ്രറികളില്‍ , ശേഖരങ്ങളില്‍ , സുഹൃത്തുക്കളുടെ വര്‍ത്തമാനങ്ങളില്‍ , ചാനല്‍ കാഴ്ചകളില്‍ . പക്ഷേ, ഈ അന്വേഷണങ്ങള്‍ എവിടേയും എത്തിയില്ല. ''ഇരകളുടെ' വാസപ്പുരകള്‍ അജ്ഞാതമായി തന്നെ തുടര്‍ന്നു.

ഇന്നലെ വൃത്തിയായി ചെയ്ത ഒരു ഡിസൈന്‍ ക്ലൈന്റ് എന്ന സാമദ്രോഹി നിര്‍ദ്ദാക്ഷിണ്യം കൊല്ലാക്കൊല ചെയ്യുന്നതും നോക്കി 'ആരുക്ക്‌ പോയി' എന്ന ലൈനില്‍ സഹപ്രവര്‍ത്തകനൊപ്പം നിസ്സഹായതയോടെ നില്‍ക്കുമ്പോള്‍ , ഇനിയും അവിടെ നിന്നാല്‍ ഞാനിനി വല്ല കടുംകൈയും കാണിക്കുമോയെന്നു ഭയന്ന് 'സഹി'യുടെ ലാപ്‌ടോപ്പില്‍‌ ചുമ്മാ ഫോള്‍ഡറുകളെ പൊട്ടിച്ച് കളിക്കുന്നതിനിടയിലാണ് ' ഇരകള്‍ ' എന്നെ നോക്കി ചിരിക്കുന്നതും ഞാന്‍ യു.എസ്.‌ബി കുപ്പിയിലാക്കുന്നതും.

വിജയേട്ടന്‍ സുഖമായി ശയിക്കുന്ന ഒരു പാതിരാ നേരത്ത്‌ എന്റെ ഉറക്കം കെടുത്തികൊണ്ട് 'ഇരകളെ' വീഴ്ത്തിയ ഒരു നായാട്ട് കഥ തീരുന്നു...

ശുഭം!

5 comments:

yousufpa said...

അഹ..ശ്ശി പിടിച്ചു.
മെരുങ്ങാത്ത ഇരകളും ഉണ്ട് ഷാജി.
പലരൂപത്തിലും പല സ്വഭാവത്തിലും.

dreamydoodle said...

രസികന്‍! വിജയെട്ടനിലെ പരിണാമത്തിന്റെ visuals ഗംഭീരം. ചിരപരിചിതമായ ആ 'ചാരായശാല'കളുടെ പേര് ആവര്‍ത്തിക്കേണ്ട ന്നു തോന്നുന്നു. പാതിരാപ്പടങ്ങളുടെ കാലത്ത് ഇരകളും കോലങ്ങളും കണ്ടിട്ടുണ്ട് - കെ ജീ ജോര്‍ജിന്റെ പല ഉഗ്രമൂര്‍ത്തികളും 'പരിഷ്കൃത ഭക്തരെ' പേടിച്ചു കാടുകളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നു തോന്നുന്നു; കാടിളക്കാതെ കുപ്പിയിലാക്കൂ, ആവശ്യങ്ങള്‍ കല്പ്പിക്ക്യു.

Unknown said...

nalla avishkaram.....enthayalum urakkamillathe ulla IRA piduthathinu viramamayi.. clientinu sthuthi!

Renu Sreevatsan said...

got the link to this blog spot frm one of my friends..
interesting.....enjoyed a lot.. :-)

Kiranz..!! said...

ഇരകൾ ബസ്സിൽ റോബിയും :) ..ഇതെന്താപ്പാ..ഒരേ സമയം നിങ്ങ രണ്ടുമിരപിടിക്കാനിറങ്ങിഅത്..